ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു. ഡൽഹിക്കും ജമ്മു കശ്മീരിലെ കത്രയ്ക്കുമിടയിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്സ്.
മികച്ച വേഗവും, മെച്ചപ്പെട്ട സർവീസും നൽകുകയെന്ന മോദിയുടെ സ്വപ്‌നങ്ങൾ റെയിൽവേ മന്ത്രി പീയുഷ് ഗോയലിലൂടെ സാദ്ധ്യമാകുമെന്നും ഷാ അറിയിച്ചു. വന്ദേ ഭാരത് എക്സ്പ്രസ്സ് രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ സർവീസ് ആണെന്നും, ജമ്മു കാശ്മീരിലെ റെയിൽവേ ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്നും കാശ്മീരിലെ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും തിരിച്ചുമുള്ള സർവീസിന് ആവശ്യമായി വരുന്നത് . വന്ദേ ഭാരത എക്സ്പ്രസിലൂടെയുള്ള യാത്ര ഈ സമയം 8 മണിക്കൂറായി കുറയ്ക്കും.