ന്യൂഡല്‍ഹി : കന്നി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിലവിലെ കീഴ്വഴക്കങ്ങളും പൊളിച്ചെഴുതുകയാണ്. സാധാരണ ഗതിയില്‍ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന ധനമന്ത്രിമാരുടെ കൈവശം കാണുന്ന ബ്രൗണ്‍ ബ്രീഫ് കെയ്സ് നിര്‍മ്മല ഒഴിവാക്കി. പകരം ചുവന്ന നാലു മടക്കുള്ള ബാഗില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയലുകളുമായാണ് മന്ത്രി ധനമന്ത്രാലയത്തിന് പുറത്തെത്തിയത്.
രാവിലെ 8.15ഓടെ ധനമന്ത്രാലയത്തിലെത്തിയ നിര്‍മ്മല സീതാരാമന്‍ സഹമന്ത്രിമാരോടും ധനവകുപ്പ് ഉദ്യോഗസ്ഥരോടും ചര്‍ച്ച നടത്തി. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍, ധനകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗ്, ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ബജറ്റുമായി ധനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ചു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. നിര്‍മ്മലയുടെ കന്നി ബജറ്റാണിത്. രാവിലെ 11 നാണ് ലോക്സഭയില്‍ ബജറ്റ് അവതരണം. ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കാര്‍ഷിക -തൊഴില്‍ മേഖലയില്‍ കാര്യമായ ഊന്നല്‍ ബജറ്റില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.