ന്യൂഡല്‍ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ രൂക്ഷമായി വിമര്ശിച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നുവെന്ന് രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല്‍ മറുപടി പ്രസംഗം നടത്തുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്പിജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. എന്നാല്‍, ഇടതു പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി. കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി നിങ്ങള്‍ കൊന്നൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും എല്ലായ്പ്പോഴും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.