ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്നു പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയര്‍ന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങള്‍ കൊവിഡ് പരിശോധനയ്ക്ക് ആര്‍ടിപിസിആര്‍ സംവിധാനം ഉപയോഗിക്കാത്തതും പ്രശ്‌നമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നതിനിടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയ എല്ലാ വാക്‌സീനുകള്‍ക്കും ഇന്ത്യയില്‍ അനുമതി നല്‍കുമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ.പോള്‍ അറിയിച്ചു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണും, മൊഡേണയുമടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും വി.കെ.പോള്‍ പറഞ്ഞു.