ന്യൂഡല്‍ഹി: അശ്ലീല വീഡിയോകളുടെ പ്രചരണം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്‌സ്‌ആപ്പിനും പിഴ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്.
ഒരു ലക്ഷം രൂപ വീതമാണ് പിഴിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ്, യാഹൂ എന്നീ കമ്ബനികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. സൈബര്‍ കുറ്റങ്ങളെ സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജൂലായ് 15ഓടെ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഇന്റര്‍നെറ്റിലും വാട്‌സ്‌ആപ്പിലും അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി പ്രജ്വല എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ കോടതി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച 11 ശുപാര്‍ശകള്‍ നടപ്പാക്കിയ ശേഷം കോടതിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. എന്തൊക്കെ നടപ്പാക്കിയെന്ന് ജൂണ്‍ 30ന് മുമ്ബ് കോടതിയെ അറിയിക്കണം.