കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി സിവിൽ സർവീസിൽ തിളക്കമാർന്ന വിജയം നേടി. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് കമല ദമ്പതികളുടെ മകൾ ശ്രീധന്യ 410ാമത്തെ റാങ്കാണ് നേടിയത്.
ദേശീയതലത്തിൽ ഒന്നും രണ്ടും റാങ്കുകൾ രാജസ്ഥാൻ സ്വദേശികൾക്കാണ്. ഒന്നാം റാങ്കു നേടിയ കനിഷക് കതാരിയ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള മിടുക്കനാണെന്നതും പ്രത്യേകതയാണ്. ഐഐടി ബോംബെയിൽ നിന്ന് കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗിൽ ബി.ടെക് ബിരുദധാരിയാണ് കനിഷക് കതാരിയ. ഗണിതശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ആദ്യ ശ്രമത്തിൽ തന്നെ ഒന്നാം റാങ്ക് നേടി.
അക്ഷത് ജെയിൻ ആണ് രണ്ടാം റാങ്ക്കാരൻ. ഉത്തർപ്രദേശ് സ്വദേശിയായ ജുനൈദ് അഹമ്മദിനാണ് മൂന്നാം റാങ്ക്. വനിതകളിൽ ഒന്നാമതെത്തിയ ഭോപ്പാൽ സ്വദേശി ശ്രുതി ജയന്ത് ദേശ്‌മുഖ് അഞ്ചാം റാങ്ക് നേടി.
ആദ്യ 500 റാങ്കിൽ കേരളത്തിൽ നിന്ന് 18പേരേ ഉള്ളൂ. ആദ്യ 50 റാങ്കിൽ എറണാകുളം മുപ്പത്തടം സ്വദേശി ശ്രീലക്ഷ്‌മിയും ഉൾപ്പെടുന്നു. 29-ാം റാങ്കുള്ള ശ്രീലക്ഷ്മിയാണ് കേരളത്തിൽ ഒന്നാമത് . കാസർകോഡ് സ്വദേശി രഞ്ജിത മേരി വർഗീസ് 49ാം റാങ്കുമായി രണ്ടാമതെത്തി. പയ്യന്നൂർ സ്വദേശിയായ അർജുൻ മോഹൻ 66-ാംറാങ്കു നേടി. ആദ്യ 25റാങ്കുകാരിൽ 15 പുരുഷൻമാരും 10 സ്‌ത്രീകളുമുണ്ട്.