തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്‍ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ആര്‍സിസി അഡീ. ഡയറക്ടര്‍ രാംദാസാണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആര്സിസിക്കോ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ വീഴ്ച പറ്റിയിട്ടില്ല. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യയ്ക്ക് ആര്‍സിസിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയുണ്ടെന്നും ഡോക്ടര്‍ റെജി പരാതി ഉന്നയിച്ചിരുന്നു.
ഇതേതുടര്‍ന്ന് വിഷയത്തില്‍ ആരോഗ്യവകുപ്പ് ആര്‍സിസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡോക്ടര്‍മാരെ മുഴുവനായി അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമാണിതെന്നായിരുന്നു അവരുടെ നിലപാട്. ഡോ.മേരിക്ക് സാധ്യമായ ചികിത്സ നല്‍കിയെന്നും ഡോക്ടര്‍ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിയെന്നും ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്.
കാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ മേരി റെജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവും വിദേശത്തു ജോലി ചെയ്തു വരുന്നയാളുമായ ഡോ. റെജി ജേക്കബാണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്. അതേസമയം ഡോ. റെജിയുടെ ആരോപണവും തുടര്‍ന്നുള്ള അന്വേഷണവും വന്നതോടെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.