ന്യൂഡല്‍ഹി: ചുമതലയേറ്റ ശേഷം ചേര്‍ന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിരവധി ജനകീയ തീരുമാനങ്ങള്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എല്ലാ കര്‍ഷകര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് പ്രതിമാസം 3,000 രൂപ കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അഞ്ച് കോടി ചെറുകിട കച്ചവടക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും യോഗത്തില്‍ തീരുമാനമുണ്ട്. 60 വയസ് കഴിഞ്ഞ ചെറുകിട കച്ചവടക്കാര്‍ക്ക് മാസത്തില്‍ 3,000 രൂപ പെന്‍ഷനായി നല്‍കുന്നതാണ് പദ്ധതി.
വളര്‍ത്ത് മൃഗങ്ങള്‍ക്ക് സൗജന്യ കുത്തി വയ്പ് നടത്തുന്നതിനുള്ള കേന്ദ്ര പദ്ധതിക്കും യോഗത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ബ്രൂസല്ല, കുളമ്പ് രോഗം പോലെയുള്ള അസുഖങ്ങള്‍ക്കുള്ള കുത്ത് വയ്പാണ് സൗജന്യമാക്കാന്‍ തീരുമാനിച്ചത്.
രക്തസാക്ഷികളായ സൈനികരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പദ്ധതിയായ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ തുക വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം അനുവദിച്ചിരുന്ന 2000 രൂപ സ്‌കോളര്‍ഷിപ്പ് 2500 രൂപയാക്കി ഉയര്‍ത്തി. പെണ്‍കുട്ടികളുടേത് 2250 ല്‍ നിന്നും മൂവായിരവുമായാണ് ഉയര്‍ത്തിയത്. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്നുമാണ് ഈ തുക അനുവദിക്കുന്നത്. നക്സല്‍ ,ഭീകരാക്രമണങ്ങളില്‍ രക്തസാക്ഷികളായ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ ഉദ്ദേശിച്ച് വര്‍ഷം അഞ്ഞൂറ് സ്‌കോളര്‍ഷിപ്പുകള്‍ അധികം അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ തീരുമാനം രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയെന്ന് മോദി പറഞ്ഞു.
ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. രണ്ട് ഹെക്ടര്‍ ഭൂമി വരെ കൈവശമുള്ളവര്‍ക്ക് 6,000 നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ നിയമമാണ് ഒഴിവാക്കിയത്. 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിയമം മാറ്റിയതോടെ രണ്ട് കോടിയോളം കര്‍ഷകര്‍കര്ക് കൂടിയാണ് ആനുകൂല്യം ലഭിക്കുന്നത്.
കര്‍ഷകര്‍ക്ക് പ്രതിമാസം 3,000 രൂപ കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്കാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. സര്‍ക്കാരും കര്‍ഷകരും നിശ്ചിത തുകയിട്ട് പങ്കാളിത്ത പെന്‍ഷനായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ് മുതല്‍ 40 വയസ് വരെയുള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. ജൂണ്‍ 20ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനം. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ കേന്ദ്ര ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ജൂലൈ 17 മുതല്‍ 26 വരെ നടത്താനും യോഗത്തില്‍ തീരുമാനമായി.