ന്യൂഡല്‍ഹി: ജോലിസമയം 12 മുതല്‍ 14 മണിക്കൂര്‍ വരെ. 80% പേര്‍ക്കും ഞായറാഴ്ചകളില്‍ പോലും അവധിയില്ല. സിആര്‍പിഎഫ് ജവാന്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാര്‍ലമെന്ററി സമിതി അമ്ബരപ്പു രേഖപ്പെടുത്തി. ഇത് ആരോഗ്യകരമോ താങ്ങാവുന്നതോ അല്ലെന്നു സമിതി വിലയിരുത്തി.
അര്‍ധസൈനികര്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന താമസ സൗകര്യം പലപ്പോഴും വൃത്തിഹീനമാണ്. സുരക്ഷ ഇല്ലാത്തതും വേണ്ടവിധം അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് അവ. ഇത് സൈനികരുടെ ആത്മാഭിമാനത്തെയും ആത്മവീര്യത്തെയും ബാധിക്കുന്നതാണ്- സമിതി രാജ്യസഭയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ തൊഴില്‍ നിയമം നിര്‍ദേശിക്കുന്നത് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയാണ്. പക്ഷേ, അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാകുന്നില്ല. 24 മണിക്കൂറും ജാഗ്രത പുലര്‍ത്തേണ്ട ഇവര്‍ക്ക് ഞായറാഴ്ച അവധി പോലും ലഭിക്കാതാകുമ്പോള്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാകുന്നു-സമിതി ചൂണ്ടിക്കാട്ടി.