ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി. വിമത എ.എ.പി എം.എല്‍.എയായ കപില്‍ മിശ്രയാണ് കെജ്രിവാളിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി സഭയിലുണ്ടാകണമെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണറും സ്പീക്കറും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി 2017ല്‍ 27 തവണ സഭ ചേര്‍ന്നപ്പോള്‍ ഏഴ് തവണ മാത്രമാണ് പങ്കെടുത്തത് എന്ന് ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയുടെ വികസനം സംബന്ധിച്ച പ്രശ്നങ്ങളിലും ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും മുഖ്യമന്ത്രി എന്തുമാത്രം വിലയാണ് കല്‍പ്പിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാകും. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ വക്താവ് തയാറായില്ല. എ.എ.പി കണ്‍വീനറില്‍ നിന്നും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും കപില്‍ മിശ്ര ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.