ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവർ സംയുക്തമായി പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സുരക്ഷാ നിർദ്ദേശം നിലനിൽക്കെ തിരുവനന്തപുരത്ത് ഡ്രോണുകൾ പറന്നത് ഗുരുതര സുരക്ഷാവീഴ്‌ചയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.
തലസ്ഥാനത്ത് ഡ്രോൺ കാണപ്പെട്ടതിന്റെ ദൃശ്യങ്ങൾ വിശദപരിശോധനയ്ക്കായി കേന്ദ്ര ഏജൻസികൾക്ക് കൈമാറി. ഡ്രോൺ പറത്തിയതാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, മിലിട്ടറി ഇന്റലിജൻസ്, വ്യോമസേന എന്നിവയ്ക്കാണ് ദൃശ്യങ്ങൾ നൽകിയത്. ദൃശ്യത്തിലുള്ളത് ഡ്രോണാണോ എന്ന് ഉറപ്പിക്കാൻകൂടിയാണ് പരിശോധന.
തന്ത്രപ്രധാനമായ മേഖലകളിൽ ഡ്രോൺ പറത്തിയതിനെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തു കൂടി ഡ്രോൺ പറന്നത് ഗൗരവത്തോടെയാണ് സൈന്യം നിരീക്ഷിക്കുന്നത്.
ജനവാസകേന്ദ്രങ്ങൾക്ക് മുകളിലൂടെയാണ് ഡ്രോൺ പറന്നതെന്നും, ഇവ സൈനികാവശ്യത്തിന് ഉപയോഗിക്കുന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇനി ഡ്രോൺ കണ്ടാൽ നിലത്തിറക്കാൻ എന്തൊക്ക ചെയ്യാനാകുമെന്നതു സംബന്ധിച്ച് പൊലീസ് കേന്ദ്ര ഏജൻസികളുടെ ഉപദേശം തേടി.
ജനവാസ മേഖലകളിൽ വെടിവച്ചിടാൻ പ്രയാസമാണ്. സൈനിക മേഖലകളിൽ ഡ്രോൺ വെടിവച്ചിടാൻ സൈനികർക്ക് അനുമതി ആവശ്യമില്ല. ഡ്രോണുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് റേഞ്ച് ഐ.ജി അശോക് യാദവ് പറഞ്ഞു.