ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ ട്രാഫിക്ക് ബ്ലോക്കാണ് പലയിടങ്ങളിലും നടക്കുന്നത് . ഇതിനു പരിഹാരം കാണാനായി ദല്‍ഹി പോലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രത്യേക കുറ്റങ്ങള്‍ ചെയ്യാതെ തന്നെ ആള്‍ക്കാരെ ഇനി ദല്‍ഹി പോലീസിനു കരുതല്‍ തടങ്കലില്‍ വയ്ക്കാം. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഉത്തരവിറങ്ങിയത്. ഈ നിയമത്തിനെതിരേയാണു എം.എല്‍. ശര്‍മ എന്ന അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.
