ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ചീഫ് ജസ്റ്രിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്, ബി.എസ്.പി അദ്ധ്യക്ഷ മായാവതി എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് സുപ്രീം കോടതി കമ്മീഷനെ വിമർശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം അധികാരത്തെ കുറിച്ച് ബോദ്ധ്യം ഇല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.
എന്നാൽ പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്ക് ഉപദേശക സ്വഭാവമുള്ള നോട്ടീസ് അയയ്ക്കാൻ മാത്രമാണ് തങ്ങൾക്ക് അധികാരമുള്ളത്. തുടർച്ചയായി ഇത് ലംഘിക്കുന്നവർക്കെതിരെ പരാതി നൽകാൻ മാത്രമേ കഴിയുകയുള്ളുവെന്നും അവരെ അയോഗ്യരാക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളോട് സുപ്രീം കോടതിയിൽ ഹാജരാകാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്മീഷന് ഏത് തരത്തിലുള്ള അധികാരമാണുള്ളതെന്ന് നാളെ പരിശോധിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.