ന്യൂഡല്‍ഹി: ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസില്‍ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്‌ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. ആയുധധാരികളായ സംഘം എ സി കോച്ചുകളില്‍ അതിക്രമിച്ചു കയറുകയും യാത്രക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ബി 3, ബി 7 എ സി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് സംഘം കൊള്ളയടിച്ചത്.
പത്തോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ കൈവശം കത്തികളുമുണ്ടായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ സംഭവത്തെ കുറിച്ച് റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും കൈവശമുള്ള വിലകൂടിയ വസ്തുക്കള്‍ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 10 മുതല്‍ 15 മിനിട്ടു വരെ കൊള്ളക്കാര്‍ ട്രെയിനിലുണ്ടായിരുന്നതായും യാത്രക്കാരന്‍ കുറിപ്പില്‍ പറയുന്നു.