ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെ തുറന്ന വാഹനത്തില്‍ കയറി അഞ്ജാതനായ ചുവപ്പ് ഷര്‍ട്ട് ധരിച്ച യുവാവ് കെജ്രിവാളിന്റെ കരണത്തടിക്കുകയായിരുന്നു. പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു.
മോട്ടി നഗര്‍ പ്രദേശത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഉടന്‍ തന്നെ ഇയാളെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കീഴ്പ്പെടുത്തി. യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിപക്ഷം സ്പോണ്‍സര്‍ ചെയ്ത ആക്രമണമാണിതെന്ന് എഎപി ആരോപിച്ചു.
നോര്‍ത്ത് – ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.
ആക്രമണത്തെ ആം ആദ്മി പാര്‍ട്ടി അപലപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുന്‍പും പല തവണ കെജ്‌രിവാളിനെതിരെ ചെരിപ്പേറും മഷിയേറും ഉണ്ടായിട്ടുണ്ട്.