കോതമംഗലം: കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ കയറാന്‍ എത്തിയ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന് തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഫാ. തോമസ് പോള്‍ റമ്പാനെ അറസ്റ്റു ചെയ്തത്. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മാര്‍ത്തോമ ചെറിയ പള്ളിക്കു സമീപം വ്യാഴാഴ്ച രാവിലെ എത്തിയ ഫാ. തോമസ് പോള്‍ റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പള്ളിയില്‍ കയറാന്‍ അനുവദിക്കുംവരെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ വൈദികന് ഉറച്ചുനിന്നതോടെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്. പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താമെന്നും അതിന് പോലീസിന്റെ സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി വിധിയുമായാണു ഫാ. തോമസ് പോള്‍ റമ്പാന് വ്യാഴാഴ്ച രാവിലെ 10.20ന് എത്തിയത്.
എന്നാല്‍ പ്രതിഷേധവുമായി പള്ളിയിലും മുറ്റത്തും ആയിരക്കണക്കിനു വിശ്വാസികളും നിലയുറപ്പിച്ചതോടെ ഫാ. തോമസ് പോള്‍ റമ്പാന് പള്ളിയില്‍ കയറാന്‍ സാധിച്ചില്ല.