ചണ്ഡീഗഢ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ജയിലില്‍ ആയതോടെ ദേരാ സച്ഛാ സൗദയുടെ നിയന്ത്രണം ഗുര്‍മീതിന്റെ അമ്മ നസീബ് കൗറിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചനകള്‍. ഞായറാഴ്ചകളില്‍ നടക്കുന്ന 'നാം ചര്‍ച്ച'യിലാണ് നസീബ സാധാരണയായി പങ്കെടുക്കാറുള്ളത്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തില്‍ നിലവില്‍ ജയിലിലാണ് ഗുര്‍മീത്.
കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ഗുര്‍മീതിന് 20 വര്‍ഷം തട വാണ് പഞ്ച്കുളയിലെ സി ബി ഐ പ്രത്യേക കോടതി വിധിച്ചത്. ദേരാ സച്ഛാ സൗദയുടെ ആസ്ഥാനമായ സിര്‍സയിലേക്ക് നസീബ് കൗര്‍ പ്രതിവാര സന്ദര്‍ശനം നടത്തുന്നതായി രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദേരയുടെ തലപ്പത്തേക്ക് അടുത്തതായി എത്തുക ഗുര്‍മീതിന്റെ മകന്‍ ജസ്മീത് ഇന്‍സാന്‍ ആണെന്ന് നേരത്തെ നസീബ് പ്രഖ്യാപിച്ചിരുന്നു.
കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് ഒരുമാസത്തിനു പിന്നാലെ ആയിരുന്നു നസീബിന്റെ പ്രഖ്യാപനം. രാജസ്ഥാനിലെ ഗുര്‍സാര്‍ മോദിയ ഗ്രാമത്തില്‍നിന്നാണ് എഴുപതുകാരിയായ നസീബ് കൗര്‍ ആഴ്ചയില്‍ ഒരുദിവസം സിര്‍സലെത്തുന്നത്. ഗുര്‍മീത് ജയിലിലായതിനു ശേഷം സിര്‍സയിലേക്ക് നസീബ് ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.