ന്യൂഡല്‍ഹി: വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടുകള്‍ക്കെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. രാജ്യസഭ കൂടി ബില്‍ പാസാക്കുകയാണെങ്കില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബില്‍ നിയമമാകും.
48 പേരാണ് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ബില്ലില്‍ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍ ഉള്‍പെടെയുള്ളവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ഭേദഗതിയില്‍ കൂടുതൽപേരും ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് ബില്‍ പാസാക്കിയത്.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ ഭരണഘടനയില്‍ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങള്‍ മറ്റ് സമുദായക്കാരാണെന്നും അവര്‍ ആ രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നുണ്ടെന്നും അമിതാ ഷാ പറഞ്ഞു. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായാണ് എത്തിയതെന്നും അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.