ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ പ്രചാരണപരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനൽ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണമന്ത്രാലയം തടയില്ല. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമാണ് ഐ&ബി മന്ത്രാലയത്തിന്‍റെ നിലപാട്. നിലവിൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‍ഫോമുകളിലും നമോ ടി വി ലഭ്യമാണ്.
കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐ&ബി മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഈ ടിവിയുടെ ഉടമ ആരെന്നോ, ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നോ ഉള്ള കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
ഇതേ പേരിലുള്ള വെബ്‍സൈറ്റിന്‍റെ ഡൊമൈൻ നെയിം റജിസ്റ്റർ ചെയ്തിരിക്കുന്നതും അജ്ഞാതൻ എന്ന പേരിലാണ്. ബിജെപി ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ചാനൽ തുടങ്ങുന്ന വിവരം ട്വീറ്റ് ചെയ്തത്.