കൊൽക്കത്ത: നിയമസഭാ സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തി . ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഐപികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗെയ്റ്റും ആരും തുറന്നില്ല. തുടര്‍ന്ന് സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരും മറ്റും പോകുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെ അകത്ത് കടക്കുകയായിരുന്നു.
പ്രോട്ടോക്കോള്‍ അനുസരിച്ചും നേരത്തെ നിശ്ചിയിച്ചുറപ്പിച്ചുമാണ് താന്‍ സന്ദര്‍ശനത്തിനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ എന്ത് കൊണ്ടാണ് ഗെയിറ്റ് പൂട്ടിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സഭചേരുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചെന്ന് കരുതി അസംബ്ലിയുടെ ഗെയ്റ്റുകള്‍ അടച്ചിടണമെന്നില്ല. ജനാധിപത്യത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രാധന ബില്ലുകളില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്ന് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ചൊവ്വാഴ്ച അറിയിച്ചിരുന്നു.