മംഗളൂരു: വേറൊരാളുടെ പാസ്‌പോര്‍ട്ടില്‍ തന്റെ ഫോട്ടോ ഒട്ടിച്ച് വിദേശത്തുനിന്നെത്തിയ മലയാളിയുവാവ് മടക്കയാത്രയില്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായിലേക്കു പോകാനായി വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സന്തോഷ് വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനയില്‍ തമ്പാന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് സന്തോഷ് യാത്രചെയ്യാന്‍ ശ്രമിച്ചതെന്നു കണ്ടെത്തി. തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ബജ്‌പെ പോലീസിനു കൈമാറുകയായിരുന്നു.
കാസര്‍കോട് പെരുമ്പള ബൈലങ്ങാടിയിലെ സന്തോഷാ(30)ണ് എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്.കാസര്‍കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് ഏജന്റുമാരായ അബ്ദുള്ളയും ഹനീഫുമാണ് തനിക്ക് വ്യാജപാസ്‌പോര്‍ട്ട് തരപ്പെടുത്തിത്തന്നതെന്ന് സന്തോഷ് പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.
ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദുബായിലായിരുന്ന സന്തോഷ് എട്ടു മാസം മുമ്പ് ഇതേ പാസ്‌പോര്‍ട്ടുപയോഗിച്ചാണ് നാട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു. സന്തോഷിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ടിന്റെ യഥാര്‍ഥ ഉടമ തമ്പാനെയും പാസ്‌പോര്‍ട്ട് കൈമാറ്റം ചെയ്തതിന് അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു. വ്യാജപാസ്‌പോര്‍ട്ട് സംഘവുമായി തമ്പാനു ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കും.