ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുവരും ചേര്‍ന്ന് സംയുക്തമായി വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തു.
കാലങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് പാളയത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പി സി ചാക്കോ പറഞ്ഞു. ചാക്കോയുടെ പഴയ പാര്‍ട്ടി എന്‍സിപി ദേശീയനേതാവായി മടങ്ങാമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തതോടെയാണ് അദ്ദേഹം പഴയ പാളയത്തിലേക്ക് തിരികെപ്പോകാന്‍ തീരുമാനിച്ചത്.
കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രമുഖ ഗ്രൂപ്പുകള്‍ പോക്കറ്റിലിട്ട് ഡല്‍ഹിക്ക് വണ്ടി കയറിയെന്ന് ആരോപിച്ചാണ് തീര്‍ത്തും അപ്രതീക്ഷിതമായി പി സി ചാക്കോ പാര്‍ട്ടി അംഗത്വവും ചുമതലകളും രാജിവച്ചത്. ഗ്രൂപ്പില്ലാതെ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിയെന്ന് പറഞ്ഞ ചാക്കോ വി. എം. സുധീരനെ ഉള്‍പ്പടെ ഗ്രൂപ്പ് മാനേജര്‍മാര്‍ ആക്രമിച്ചുവെന്ന് തുറന്നടിച്ചു.