പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്. ഇതോടെ വി.നാരായണ സ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അഞ്ച് എംഎല്‍എമാരാണ് രാജിവെച്ചത്.
പുതുച്ചേരി നിയമസഭയില്‍ നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണുള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുമടക്കം 13 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്.
പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ഫെബ്രുവരി 22 തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് ലെഫ്. ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ എന്‍ഡിഎ സഖ്യത്തിന് 14 വീതം എംഎല്‍എമാരുടെ പിന്തുണയാണ്.
33 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. അഞ്ച് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. അണ്ണാ ഡിഎംകെയിലേയും എന്‍ആര്‍ കോണ്‍ഗ്രസിലേയും ഓരോ എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.