ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
ബജറ്റ് അവതരണത്തിന് മുന്നോടിയായി മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി. നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ് അവതരണമാണിത്. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി.
സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. കാര്‍ഷിക-തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം.
ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം. എയിംസ് ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. റെയില്‍വെ മേഖലയില്‍ ശബരിപാതക്കുള്ള തുക ഉള്‍പ്പടെയുള്ള പ്രതീക്ഷകളും കേരളത്തിനുണ്ട്.