ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയ ശേഷം ആദ്യമായി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളോട് നന്ദി പറയാനാണ് വന്നതെന്നും മോഡി പറഞ്ഞു. എല്ലാ ഉയര്‍ച്ച താഴ്ചകളിലും രാജ്യം തനിക്കൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ഇപ്പോള്‍ ലോകം തിരിച്ചറിയുന്നുണ്ടെന്ന് മോഡി പറഞ്ഞു. ഇന്ത്യയ്ക്ക് ലോകത്തെ സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. തനിക്ക് ലഭിച്ച പിന്തുണയില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. റഫാല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല. പ്രധാനമന്ത്രിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോള്‍ താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും നേതാവ് അമിത് ഷാ ഇരിക്കുമ്പോള്‍ താന്‍ പ്രതികരിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണം വീണ്ടും കൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ അവകാശപ്പെട്ടു. മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴെത്തട്ട് വരെ എത്തിക്കാനായെന്നും അമിത് ഷാ പറഞ്ഞു. എന്‍.ഡി.എ മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു. പാവപ്പെട്ട അമ്പത് കോടിയിലധികം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായി. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും അമിത് ഷാ അവകാശപ്പെട്ടു. പ്രധാനമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച റഫാല്‍ വിഷയത്തില്‍ അമിത് ഷായാണ് പ്രതികരിച്ചത്. റഫാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഷായുടെ മറുപടി.