ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യത്തിൽ പിന്നാക്കംപോകുന്നതെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. പൗരത്വനിയമത്തെയും എൻ.ആർ.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. വ്യാഴാഴ്ച പ്രസ്താവിച്ചത് ഈ പശ്ചാത്തലത്തിലാണ്.
