തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക തുറന്നുകാട്ടുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31ന് പാസാക്കിയതും നിയമം പിൻവലിക്കണമെന്ന് പ്രമേയം കേന്ദ്രത്തോടാവശ്യപ്പെട്ടതും കത്തിൽ വിശദീകരിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കും. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ കേരളം നിറുത്തി വച്ചെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.
