ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നു ട്രില്യണ്‍ ഡോളറിലെത്തും. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ 1.85 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായിരുന്നു. ഇപ്പോള്‍ അത് 2.7 ട്രില്യണ്‍ ഡോളറില്‍ എത്തി. വളര്‍ച്ചയ്ക്കു സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമെന്നും എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുകയെന്നും ധനമന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപം കൂട്ടിയുമാണ് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുക. വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത രീതിയും അവലംബിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് സുരക്ഷയും പുരോഗതിയുമാണെന്നും പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനു വേണ്ടിയുള്ള ജനവിധിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.