ചെന്നൈ: സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല കുടുംബത്തിനാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ പറഞ്ഞു. 12 വയസ് വരെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്‌ത അദ്ദേഹം 14നും 16നും ഇടയിലുള്ളവരെയും കുട്ടികളായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. യൂട്യൂബിലൂടെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
14,15,16 എന്നീ വയസുകളിലുള്ളവര്‍ കുട്ടികളല്ലേ. ഒരു സ്ത്രീയായി മാറുന്നത് ഈ പ്രായത്തിന് ശേഷമാണ്. എന്താണ് ഇത്തരത്തിലുള്ള നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ സത്യസന്ധതയും മര്യാദയും പഠിപ്പിക്കുന്നത് പോലെ ആണ്‍കുട്ടികളെയും സമൂഹത്തിലെ മൂല്യങ്ങള്‍ പഠിപ്പിക്കേണ്ട ചുമതല ഓരോ കുടുംബത്തിനുമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ ഇതൊന്നും നടക്കുന്നില്ല.
ആണാണെന്ന ചിന്തയില്‍ എന്തും ചെയ്യാന്‍ ആണ്‍മക്കളെ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 12ന് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് മാത്രം വധശിക്ഷ നല്‍കുന്നതിലെ യുക്തി മനസിലാകുന്നില്ല. അതേസമയം, താന്‍ അധികാരത്തില്‍ കയറിയാല്‍ വധശിക്ഷ നല്‍കുന്ന നിയമത്തില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം സൂചന നല്‍കി. നേരത്തെ തന്നെ വധശിക്ഷയ്‌ക്ക് എതിരെ നിലപാട് എടുത്തിട്ടുള്ളയാളാണ് കമലഹാസന്‍.