മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു.
ബുധനാഴ്ച സൗത്ത് മുംബൈയിലെ വിധാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പി. എം.എല്‍.എമാരായി വിജയിച്ച 105 പേരും പങ്കെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎല്‍എമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹകരിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. അതേസമയം രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയും വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.