മുംബൈ: കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 20 പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി 9.30 യോടെ നടന്ന സംഭവത്തില്‍ ഏഴു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 12 വീടുകള്‍ ഒഴുകിപ്പോകുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ടീമുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
മുംബൈയില്‍ നിന്നും 275 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ശക്തമായ കാലവര്‍ഷം മഹാരാഷ്ട്രയില്‍ തുടരുകയാണ്. മുംബൈയില്‍ മാത്രം 300-400 എംഎം മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. താനെ, പാല്‍ഗര്‍, റെയ്ഗാര്‍ഡ് ജില്ലകളിലും പടിഞ്ഞാറന്‍ ഭാഗമായ നാസിക്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നിവിങ്ങളിലും കനത്ത മഴയാണ്. ഇന്നലെ ശക്തമായ മഴയില്‍ മുംബൈ മലഡില്‍ ഭിത്തി ഇടിഞ്ഞുവീണ് 20 പേര്‍ മരിച്ചു.
മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റണ്‍വെയില്‍ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താറുമാറായിരുന്നു. കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങള്‍ മുംബൈയില്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത്.
വടക്കന്‍ മുംബൈയിലെ അണ്ടര്‍പാസില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറിനുള്ളില്‍ പെട്ട് രണ്ടുപേര്‍ മരണമടഞ്ഞു. ട്രാക്കില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി.