മുംബൈ: കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ ഫട്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് അഷിഷ് ഷെലറും മന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഫട്‌നാവിസ് സര്‍്കകാര്‍ മന്ത്രിസഭ വികസിപ്പിച്ചത്.
മുന്‍ പ്രതിപക്ഷ നേതാവായ രാധാകൃഷ്ണ വിഖേ പാട്ടീല്‍ അടുത്തകാലത്താണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന്‍ സുജയ് വിഖേ പാട്ടീല്‍ അഹമദ്നഗറില്‍ നിന്നുള്ള ബിജെപി എംപിയാണ്. മകന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അച്ഛനും ബിജെപിയിലേക്ക് എത്തുകയായിരുന്നു.
ഫട്‌നാവിസ് സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരാണ് എന്ന് തെളിയിക്കുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് മുന്‍തൂക്കം നല്‍കുക. മുഖ്യമന്ത്രി നല്‍കുന്ന ഏതു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.