ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥ സമിതിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. അടിയന്തരമായി റിപ്പോർട്ട് നൽകാനും സമിതിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തൃണമൂലിന്‍റെയും സിപിഎമ്മിന്‍റെയും പരാതിയെത്തുടർന്നാണ് നടപടി.
ചാര ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചു എന്നാണ് ബുധനാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.