മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന് മൂന്നു മണിക്കൂര്‍ അടച്ചിടും. പ്രധാന റണ്‍വെ ഉപയോഗിക്കുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചേക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രധാന റണ്‍വെയിലൂടെ വിമാനം ഉയരുകയോ ഇറങ്ങുകയോ ചെയ്യില്ല.
ഇന്‍സ്ട്രുമെന്റ് ലാന്‍റിങ് സിസ്റ്റത്തിന്റെ (ഐ.എല്‍.എസ്) വിപുലീകരണ പ്രവര്‍ത്തിയുടെ ഭാഗമായാണിത്. മെയ് 17ന് തുടങ്ങിയ ഐ.എല്‍.എസ് വിപുലീകരണ പ്രവര്‍ത്തി ജൂണ്‍ അഞ്ച് വരെ തുടരും. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈയിലേത്. ദിനംപ്രതി 970 വിമാനങ്ങളാണ് ഇവിടെ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്നത്. ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചിലതിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.