ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ് ആയി അടയ്ക്കാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. 2019 ഏപ്രിലോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ആര്‍കെ സിങ് വ്യക്തമാക്കി.
വൈദ്യുതി ബില്ലിങ്ങിനെക്കുറിച്ച് ഇപ്പോള്‍ വ്യാപകമായ പരാതി നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി മോഷണം തടയുന്നതിന് ഇപ്പോഴത്തെ സംവിധാനം പൂര്‍ണമായും പര്യാപ്തവുമല്ല. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് പ്രി പെയ്ഡ് മീറ്ററുകള്‍ എന്ന ആശയം കൊണ്ടുവരുന്നതെന്ന് ആര്‍കെ സിങ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയിലാണ് പ്രി പെയ്ഡ് ഇലക്‌ട്രിസിറ്റി ബില്‍ പ്രവര്‍ത്തിക്കുക.
നേരത്തെ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനമാണിത്. ഇതില്‍ ഉപഭോക്താവിന് ബില്‍ അടയ്ക്കാന്‍ ഒരു മാസം കാത്തിരിക്കേണ്ടതില്ല. ഉപയോഗിച്ച ദിവസത്തേക്കോ മണിക്കൂറുകള്‍ക്കോ മാത്രമായി പണമടയ്ക്കാനാവുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി വ്യക്തമാക്കി. വൈദ്യുതി മോഷണം ഇപ്പോള്‍ പല വിതരണ കമ്പനികളും നേരിടുന്ന പ്രശ്‌നമാണ്. സ്മാര്‍ട്ട് ബില്ലിങ് പല കമ്പനികളും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രീപെയ്ഡ് രീതിയിലേക്കു മാറുമ്പോള്‍ ഇതിനു പരിഹാരമാവും.