ന്യൂ ഡൽഹി : ജനങ്ങളുടെ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാർ ഭീരുക്കളുടെ സർക്കാരാണെന്ന് പ്രിയങ്കാ ഗാന്ധി. ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഭയന്നാണ് മോഡി സർക്കാർ വിദ്യാർത്ഥികളുടെയും മാധ്യമപ്രവർത്തകരുടെയും ശബ്ദം അടിച്ചമർത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ജാമിയാ മിലിയാ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച പ്രിയങ്ക, വിദ്യാർത്ഥികളെ കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിലൂടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചാലും വിദ്യാർത്ഥികളുടെ ശബ്ദം മോഡിക്ക് കേൾക്കേണ്ടി വരുമെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. സർക്കാർ ജനങ്ങളെ ശ്രദ്ധിക്കേണ്ട സമയത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ ബിജെപിയുടെ സർക്കാർ അടിച്ചമർത്തുകയാണെന്നും ഇത് ഭീരുക്കളുടെ സർക്കാരാണ് എന്ന് പ്രിയങ്ക പറയുന്നു.