ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് രംഗത്ത്. കേസില്‍ അന്വേഷണം നടത്തിയിരുന്ന തന്നെ അര്‍ധരാത്രി നടപടിയിലൂടെ ആന്‍ഡമാനിലെ പോര്‍ട്ബ്ലയറിലേക്കു സ്ഥലം മാറ്റിയതിനെതിരേ എ.കെ. ബസി സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ബസിക്കു വേണ്ടി അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, അസ്താനയ്ക്കെതിരേ അഴിമതി ആരോപണം ഉയര്‍ത്തിയ വ്യവസായി സതീഷ് സനയ്ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്കാന് കോടതി നിര്‍ദേശം നല്കി. കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ രാകേഷ് അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു സതീഷ് സനയുടെ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച് രാകേഷ് സനയും ദുബായ് വ്യവസായിയുമായ മനോജ് പ്രസാദും (റോ മുന്‍ ഡയറക്ടര്‍ ദിനേശ്വര്‍ പ്രസാദിന്റെ മകന്) തമ്മില്‍ നടത്തിയ വാട്സാപ്പ് മെസേജുകളുടെ റിക്കാര്‍ഡുകള്‍ തന്റെ കൈവശമുണ്ടെന്നും അതില്‍ കൈക്കൂലി വാങ്ങിയതിന്റെ വിശദാംശങ്ങളുണ്ടെന്നുമാണ് എ.കെ. ബസി കോടതിയെ അറിയിച്ചത്.
തന്നെ മാറ്റി പകരം അന്വേഷണ ചുമതല ഏല്‍പ്പിച്ച സതീഷ് ഡാഗര്‍, അസ്താനയ്ക്കെതിരായ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളാണ്. അതിനാല്‍, അസ്താനയ്ക്കെതിരായ അന്വേഷണം പുതിയ സംഘത്തെ ഏല്‍പ്പിക്കണമെന്നും ബസി ആവശ്യപ്പെട്ടു.