ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട വജ്ര വ്യസായി മെഹുല്‍ ചോക്‌സി അഭയം തേടിയ ആന്‍റ്വിഗയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഒപ്പം 177 ഡോളറും ചോക്‌സി ആന്റിഗ്വ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ചോക്‌സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.
കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട ചോക്‌സിയ്‌ക്ക് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം നല്‍കിയിരുന്നു. എന്നാല്‍, ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്‌സിയുടെ വിശദീകരണം. 2018 ജനുവരിയില്‍ സി.ബി.ഐ കേസെടുത്തതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍, ചോക്‌സിക്ക് ഇരട്ടപൗരത്വം അനുവദിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
തട്ടിപ്പ് കേസില്‍ പ്രതിയായ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ ആന്‍റിഗ്വയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാര്‍ നിലവിലില്ലാത്തതിനാല്‍ ചോക്‌സിയെ നാടുകടത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ആന്റിഗ്വ.
13,500 കോടിയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് മെഹുല്‍ ചോക്‌സി രാജ്യം വിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. രണ്ട് പേര്‍ക്കെതിരെയുമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ചോക്‌സിയുടെ അനന്തരവനാണ് നീരവ് മോദി.