ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെ പുറത്തുപോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഗ്രാമത്തില്‍ വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ ഇവര്‍ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പതിനേഴും പതിമൂന്നും വയസുള്ള സഹോദരിമാരാണ് മരിച്ചത്.
ഉന്നാവോ ബലാത്സംഗം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹമരണം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൊലപാതകത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. എന്നാൽ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ശത്രുക്കള്‍ ആരുമില്ലെന്നും അതുകൊണ്ടുതന്നെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കൃഷിയിടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പോലീസിനെയും ബന്ധുക്കളെയും അവരാണ് വിവരം അറിയിച്ചത്. വെടിയുണ്ടകളും പെണ്‍കുട്ടികളുടെ ചെരുപ്പുകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഉന്നാവോ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ എട്ടുവയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.