മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി വീണ്ടും പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേരാണ് വിഷയത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നത്.
അഭിഭാഷകനായ എസ്.കെ ഓജയുടെ ഹര്‍ജിയെതുടര്‍ന്ന് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പവെച്ച 49 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇപ്പോള്‍ 180 പേര്‍ ഒപ്പിട്ട പ്രതിഷേധ കത്ത് പുറത്തുവന്നിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുന്നത് എങ്ങനെയാണ് രാജ്യദ്രോഹകുറ്റമാകുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. രാജ്യത്ത് ആള്‍കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പൊതുസമൂഹത്തിനോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതിനാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് 180 പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.