ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിര്‍ദ്ദേശവുമാണ് കേന്ദ്ര മന്ത്രാലയം മുന്നോട്ടു വച്ചത്. ഇതിനുള്ള ചെലവ് കേരളവും കര്‍ണാടകവും ചേര്‍ന്നു വഹിക്കണം. കേന്ദ്ര ഉപരിതല വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്തു വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഇതിനു വിപരീതമാണ് നിലവിലെ തീരുമാനം. മേല്‍പ്പാലങ്ങള്‍ പണിയുന്നത് എളുപ്പമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. രാത്രി ഗതാഗതം സാധ്യമാക്കാന്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാര്‍ ആയിരുന്നു.
ഓഗസ്റ്റ് എട്ടിന് സുപ്രീം കോടതിയില്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണനയ്ക്കു വരുന്നുണ്ട്. വയനാട് – മൈസുരു ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണു ഗതാഗത നിയന്ത്രണം. അതേസമയം ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണെന്നും ഇതിനെതിരെ സുപ്രീംകോടതിയിലുള്ള കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും വനംവകുപ്പു മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന വനം, ഗതാതമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.