ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. വിമാനങ്ങളുടെ വില വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന.
രണ്ട് വോള്യങ്ങളിലായാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിമാനങ്ങളുടെ വില സി.എ.ജിയുടെ പരിശോധനക്ക് വിധേയമായിട്ടില്ലെന്നാണ് സൂചന. കരാറിലേക്കെത്തിച്ചേര്‍ന്ന നടപടിക്രമങ്ങളും വിമാനത്തിന്റെ കാര്യശേഷിയുമാണ് സി.എ.ജി പരിശോധിച്ചത്.
യു.പി.എ കാലത്തെ കരാറുമായി നിലവിലെ കരാര്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലും ഫ്രഞ്ച് സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരവും വില വിവരങ്ങള്‍ പരസ്യമാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സി.എ.ജി റിപ്പോര്‍ട്ടിനെ വില കല്‍പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വേണ്ടി പടച്ചുണ്ടാക്കിയ സി.എ.ജി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.