ന്യുഡല്‍ഹി: ഡല്‍ഹി മാളവിയ നഗറിലെ ഒരു റബര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു. മുപ്പതില്‍ ഏറെ അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് നിഗമനം. അതേസമയം, തീ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടെന്നും 15 യൂണിറ്റുകള്‍ ഇപ്പോഴും തീവ്രശ്രമത്തിലാണെന്നും അഗ്നിശമന സേന അറിയിച്ചു.
മൂന്നാലു മണിക്കൂറിനുള്ളില്‍ തീ അണയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കനത്ത പുകയാണ് ഉയരുന്നത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പുക നിറഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ അഗ്നിബാധ ബുധനാഴ്ച രാവിലെയായിട്ടും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ട്രക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്നും സൂചനയുണ്ട്. റബര്‍ ഷീറ്റുമായി എത്തിയ ട്രക്ക് ഖിര്‍കി എക്‌സറ്റന്‍ഷനില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഈ ട്രക്കില്‍ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നുവെന്നും അത് റബര്‍ ഷീറ്റ് സ്‌റ്റോക്ക് ചെയ്തിരുന്ന കെട്ടിടത്തിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തീ പടര്‍ന്നുപിടിച്ചതോടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തിച്ചാമ്പലായി. നിരവധി കടകള്‍ക്കും തീപിടിച്ചു.