ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.
റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
യുദ്ധവിമാനങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ കമ്പനിയില്‍ നിന്ന് വാങ്ങിയതെന്നു കാണിച്ചായിരുന്നു കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അപൂര്‍ണവും, മോഷ്ടിക്കപ്പെട്ടതുമായ രേഖകള്‍ പരിഗണിച്ച് കേസ് പുനപരിശോധിക്കേണ്ടതില്ല.
36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയതിലൂടെ രാജ്യത്തിന് ഒരുവിധത്തുള്ള നഷ്ടവും ഇല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
മുന്‍ സര്‍ക്കാരിന്റേതിനേക്കാള്‍ ചിലവ് കുറവാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഇടപാടുകളെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും കാണിച്ചാണ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.
റാഫേല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് മേയ് നാലുവരെ സമയം നല്‍കിയിരുന്നു.
മേയ് ആറിനാണ് കേസ് പരിഗണിക്കുന്നത്.
റാഫേലില്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ ഡിസംബര്‍ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി നേരത്തേ തീരുമാനിച്ചിരുന്നു.
പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതുവരെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.
തിരഞ്ഞെടുപ്പ് കഴിയും വരെ വാദം നീട്ടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.