ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങള്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. പഞ്ചാബില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. സുക്മ നദി കരകവിഞ്ഞൊഴുക്കുന്നു. കനത്ത മഴയില്‍ മൂന്നു സംസ്ഥാനങ്ങളിലുമായി 13 പേര് മരിച്ചതായാണ് കണക്ക്. മൂന്നു സംസ്ഥാനങ്ങളിലും ട്രെയിന്‍, ബസ് സര്‍വീസുകള്‍ തടസപ്പെട്ടതായാണു റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശില്‍ നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു.
ജമ്മു കാഷ്മീരിലെ ദോഡയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. പഞ്ചാബില്‍ അതീവജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നിര്‍ദേശം നല്കി. സാഹചര്യം ഗുരുതരമായാല്‍ സഹായത്തിനെത്താന്‍ ഒരുങ്ങണമെന്ന് സൈന്യത്തോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭക്രനംഗല്‍ അണക്കെട്ടില്‍ ജലനിരപ്പ് 1655 മീറ്ററായി. 1680 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.