ന്യൂഡല്‍ഹി: സൈനിക സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും. അടുത്ത മാസം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിയറ്റ്നാം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണിത്. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര നയതന്ത്ര പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് നാവികാഭ്യാസത്തിന്റെ ലക്ഷ്യം.
ജൂണില്‍ നിര്‍മലയുടെ സന്ദര്‍ശനത്തിന് പിന്നാലെ വിയറ്റ്നാം പീപ്പിള്‍സ് ആര്‍മിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഇന്ത്യയിലെത്തുന്നുണ്ട്. വിയറ്റ്നാം സര്‍ക്കാരിലെ പ്രമുഖരും നാവികാഭ്യാസത്തിന് സാക്ഷ്യം വഹിക്കാനെത്തും. ഇന്ത്യയുടെ യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് സഹ്യാദ്രി, ഐ.എന്‍.എസ് കമോര്‍ത്ത, ഐ.എന്‍.എസ് ശക്തി എന്നിവ ടിയന്‍ സാ പോര്‍ട്ടില്‍ നടക്കുന്ന അഭ്യാസത്തില്‍ പങ്കെടുക്കും. ഈ മാസം 25 വരെയാണ് നാവികാഭ്യാസം. 2016ല്‍ വിയറ്റ്നാം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചിരുന്നു.