വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനോട് പറഞ്ഞു. അദാനി ഗ്രൂപ്പ് സി ഇ ഒ കരൺ അദാനിയുമായി നിയമ സഭയിൽ നടത്തിയ കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. തുറമുഖ നിർമ്മാണത്തിനു 16 മാസത്തെ അധിക സമയം നൽകണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തവും കാലാവസ്ഥ വ്യത്യാസവും കാരണം നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാൻ തടസ്സം നേരിട്ടു എന്നായിരുന്നു വിശദീകരണം. എന്നാൽ ഓഖിയിൽ തകർന്ന യന്ത്രങ്ങൾക്ക് പകരം പുതിയവ എത്തിച്ചു പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരാർ പ്രകാരമുള്ള കാലാവധി കഴിഞ്ഞ് വേണ്ടി വരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം വീതം അദാനി ഗ്രൂപ്പ് സർക്കാരിന് നഷ്ടപരിഹാരം നൽകണം എന്നാണ് പുതിയ വ്യവസ്ഥ.