ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി. നേരത്തെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി.
നിയമപരമായ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. രാജീവിന് നല്‍കിയിരുന്ന മുഴുവന്‍ സംരക്ഷണവും പിന്‍വലിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഉടന്‍തന്നെ സിബിഐ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.
ചോദ്യം ചെയ്യലിനോട് രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അന്വേഷണവുമായി രാജീവ് കുമാര്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ലെന്നും, കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിബിഐ വാദിച്ചു. ഇതേത്തുടര്‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.
മമത ബാനര്‍ജിയുടെ അടുത്ത അനുയായി കൂടിയായ രാജീവ് കുമാറിനെതിരെ അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ജനറലായിരുന്ന രാജീവ് കുമാറിനെ ആ പദവിയില്‍ നിന്നും മാറ്റുകയും, ന്യൂഡല്‍ഹിയില്‍ നിയമിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് മമത രംഗത്തുവരികയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോടതി വിധി ക്ഷീണം ചെയ്യുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി കുംഭകോണ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം ഇരുന്ന് പ്രതിഷേധിക്കുകയും സിബിഐയെ തടയുകയും ചെയ്തിരുന്നു.