മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷൻസ് സ്പോർട്സ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഇതിനായുള്ള ഒരുക്കങ്ങൾ സ്പോർട്സ് ക്ലബിൽ പൂർത്തിയായി.
അതേസമയം, ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധക പ്രവാഹം തുടരുകയാണ്. ചലച്ചിത്ര – ടിവി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.
ദുബായിൽനിന്ന് വ്യവസായി അനിൽ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ, ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുഷി എന്നിവർ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനൽകിയത്. ദുബായിലുണ്ടായിരുന്ന ബോണി കപൂർ, മകൻ അർജുൻ കപൂർ, സഞ്ജയ് കപൂർ, റീന മാർവ, സന്ദീപ് മാർവ എന്നിവരുൾപ്പെടെ പത്തുപേർ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലൻസ് മാർഗം ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വസതിയിലേക്കു മൃതദേഹം കൊണ്ടുപോയി.