ന്യൂഡല്‍ഹി: അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ, കഴിഞ്ഞ 25നു പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണു സ്ഥാനമൊഴിയാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചത്.
പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്നു തുറന്നടിച്ച രാഹുല്‍ ഒരു മാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താന്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും രാഹുലിന്റെ മനസ്സു മാറ്റാനോ പിന്‍ഗാമിയെ കണ്ടെത്താനോ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയില്ല.. അധ്യക്ഷപദവിയില്‍ തുടരണമെന്ന് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ പദവിയില്‍ നിന്ന് ഒഴിയുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി.
അധ്യക്ഷ പദവിയില്‍ തുടരുന്നതിനു രാഹുലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രവര്‍ത്തക സമിതി വീണ്ടും വിളിച്ചുചേര്‍ക്കുന്നതു പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.എന്നാല്‍, ഇനി താനില്ലെന്നു രാഹുല്‍ തീര്‍ത്തു പറഞ്ഞ സാഹചര്യത്തില്‍, യോഗം വിളിച്ചാലും പ്രയോജനം ചെയ്തേക്കില്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനൗദ്യോഗിക തലത്തില്‍, പാര്‍ട്ടിക്കുള്ളില്‍ വിവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.